എന്താണ് വിമാനങ്ങളിലെ ‘ബ്ലാക്ക് ബോക്സ്’?

വിമാനാപകടങ്ങൾ ഉണ്ടാകുമ്പോൾ നാം പലപ്പോഴും ഉയർന്നു കേൾക്കാറുള്ള ഒരു വാക്കാണ് ബ്ലാക്ക് ബോക്സ് എന്നത്. വിമാനത്തിനുള്ളിലെ ഉപകരണങ്ങളാണ് ഏവിയേഷൻ ബ്ലാക്ക് ബോക്സുകൾ. 1100 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിയിലും വൻ മർദ്ദമുണ്ടാക്കുന്ന ഇടികളും പതനവും 20000 അടി വരെ കടലാഴവുമൊക്കെ അതിജീവിക്കാൻ ശേഷിയുണ്ട് ഇവയ്ക്ക്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച ഇവയ്ക്ക് ശക്തിയേറിയ ഒരു ആവരണവുമുണ്ട്.

അതിനാൽ തന്നെ വിമാനാപകടത്തിനു ശേഷവും ബ്ലാക്ക് ബോക്സ് ബാക്കിയാകും. അപകടത്തെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ഈ ഉപകരണത്തിൽനിന്നു ലഭിക്കുകയും ചെയ്യാറുണ്ട്. രണ്ട് ഭാഗങ്ങളടങ്ങിയതാണ് ബ്ലാക്ക് ബോക്സ്. ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ, കോക്പിറ്റ് വോയ്സ് റെക്കോർഡർ എന്നീ ഭാഗങ്ങൾ അടങ്ങിയതാണ് ബ്ലാക്ക് ബോക്സ്. വിമാനത്തിന്റെ ഉയരം, വേഗം തുടങ്ങിയ കാര്യങ്ങൾ അടയാളപ്പെടുത്തുന്നതാണ് ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ. എൻജിൻ പെർഫോമൻസ്, വിമാനപാത തുട‌ങ്ങിയ വിവരങ്ങളും ഇതു 30 ദിവസത്തേക്കു രേഖപ്പെടുത്തിവയ്ക്കും.

പൈലറ്റുമാരുടെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളുമൊക്കെ റെക്കോർഡ് ചെയ്യുന്നതാണ് കോക്പിറ്റ് വോയ്സ് റെക്കോർഡർ. അവസാന 2 മണിക്കൂറിലെ ശബ്ദങ്ങളാണ് ഇതിൽ രേഖപ്പെടുത്തപ്പെടുക. ബ്ലാക്ക് ബോക്സ് എന്നു പേരുണ്ടെങ്കിലും യഥാർഥത്തിൽ തിളക്കമേറിയ ഓറഞ്ച് നിറംകൊണ്ടാണ് ഇവ പെയിന്റ് ചെയ്യുന്നത്. വിമാനാപകടമുണ്ടാകുമ്പോൾ തകർച്ചകൾക്കും അവശിഷ്ടങ്ങൾക്കുമിടയിൽനിന്ന് പെട്ടെന്നു കണ്ടെത്താനായാണ് ഇത്. വെള്ളത്തിലാണ് വീഴുന്നതെങ്കിൽ 30 ദിവസത്തേക്ക് അൾട്രാസോണിക് സിഗ്നലുകൾ ഇതിൽ നിന്നു പുറത്തുവന്നുകൊണ്ടിരിക്കും. ഇതു ട്രേസ് ചെയ്തു വിമാനം കണ്ടെത്താം.

വിമാനത്തിന്റെ വാൽഭാഗത്തായാണ് ബ്ലാക്ക് ബോക്സുകൾ സാധാരണ വയ്ക്കാറുള്ളത്. ഒരു ദുരന്തം നടന്നാലും ഈ ഭാഗത്ത് ആഘാതം പൊതുവെ കുറവായിരിക്കും എന്നതിനാലാണ് ഇത്. എല്ലാ വാണിജ്യ വിമാനങ്ങളിൽ ബ്ലാക്ക് ബോക്സുകൾ നിർബന്ധമായി വയ്ക്കണമെന്ന് രാജ്യാന്തര വ്യോമയാന ഏജൻസികളുടെ നിഷ്കർഷയുണ്ട്. പ്രത്യേക ലാബുകളിലാണ് ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ പരിശോധിക്കുക. ഇതിന് ആഴ്ചകളോ മാസങ്ങളോ എടുക്കാം. പല വിമാനദുരന്തങ്ങളുടെയും വ്യക്തമായ കാരണം മനസ്സിലാക്കാൻ ബ്ലാക്ക് ബോക്സുകൾ ഉപകരിച്ചിട്ടുണ്ട്.