കൊവിഡ് കേസുകൾ അയ്യായിരം കടന്നു; 24 മണിക്കൂറിനിടെ 4 കൊവിഡ് മരണം

രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. അതില്‍ 2 മരണം കേരളത്തില്‍ സ്ഥിരീകരിച്ചത്. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 192 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിൽ 31% കേരളത്തിലാണ്.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയികുന്നു. സംസ്ഥാനങ്ങളോട് ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് നിർദേശം നൽകിയത്. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

രോ​ഗവ്യാപനം തടയുന്നതിനായി ജനങ്ങൾ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കൾ പടരാതെ ശ്രദ്ധിക്കണം, രോ​ഗങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ​ശ്വാസകോശ രോ​ഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, ​ഗുരുതര രോ​ഗ ലക്ഷണങ്ങളുള്ളവർ വൈദ്യ സഹായം തേടണമെന്നും നിർദേശിച്ചു. പരിശോധന കൂട്ടാനും നിർദേശമുണ്ട്. ​ശ്വാസകോശ രോ​ഗം ബാധിച്ച എല്ലാവരെയും, പകർച്ചപ്പനി പോലുള്ള രോ​ഗങ്ങളുള്ളവരിൽ അഞ്ചുശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവിൽ നിർദേശമുള്ളത്.