

മോട്ടർ വാഹനവകുപ്പിന് ഇനി മുതൽ ഔദ്യോഗിക പതാക. യൂണിഫോം സേനയായിട്ടും മോട്ടർ വാഹനവകുപ്പിന് ഇതുവരെ ഔദ്യോഗിക പതാക ഉണ്ടായിരുന്നില്ല. ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ചുമപ്പും മഞ്ഞയും വെള്ളയും നിറത്തിൽ എംവിഡി എന്ന് ആലേഖനം ചെയ്തതാണ് പതാക.
മോട്ടർ വാഹനവകുപ്പിന് സ്വന്തമായി പതാകയും ആഘോഷിക്കാൻ ഒരു ദിനവും വരുന്നു. ജൂൺ 1 ഇനി മുതൽ വകുപ്പുദിനമായി ആഘോഷിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നാണ് പൊലീസ് ദിനമായി കേരള പൊലീസ് ആചരിക്കുന്നത്. 1958 ജൂൺ ഒന്നിനാണ് മോട്ടർവാഹന വകുപ്പുണ്ടായത് എന്നതിനാലാണ് അന്ന് വകുപ്പുദിനമായി തിരഞ്ഞെടുത്തത്.
മോട്ടർ വാഹനവകുപ്പിന്റെ വാഹനങ്ങളിൽ പതാക വയ്ക്കാൻ പാടില്ല. ഓഫിസിൽ ഉപയോഗിക്കാം. വകുപ്പിന്റെ ആഘോഷങ്ങൾക്ക് പതാക ഉയർത്താം. വകുപ്പിന്റെ വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും ഇനി വിവരങ്ങൾ തൽസമയം അറിയാൻ ചാറ്റ്ബോട്ട് സംവിധാനവും ജൂൺ ഒന്നിന് തുടങ്ങും.