സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ അതിര്‍ത്തി മേഖലയില്‍ നടത്തിയ ആക്രമണശ്രമത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്.

തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വരികയും അതിർത്തി ശാന്തമായതായി സൈന്യം വിലയിരുത്തിയതോടെയുമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. അടച്ച 25 വ്യോമപാതകളിലെയും നോട്ടെം (അടച്ചിടാനുള്ള നോട്ടീസ്) പിൻവലിച്ചു. അന്താരാഷ്ട്ര വിമാനസർവീസുകളടക്കം വീണ്ടും തുടങ്ങും.

തുറന്ന വിമാനത്താവളങ്ങൾ: ശ്രീനഗർ, ജമ്മു, ഹിൻഡൺ, അധംപൂർ, അമൃത്സർ, സർസാവ, ഉത്തർലായ്, അവന്തിപൂർ, അംബാല, കുളു, ലുധിയാന, കിഷൻഗഢ്, പട്യാല, ഷിംല, കംഗ്ര, ഭട്ടിൻഡ, ജയ്‍സാൽമീർ, ജോധ്‍പൂർ, ബിക്കാനീർ, ഹൽവാര, പഠാൻകോട്ട്, ലേ, ചണ്ഡീഗഢ്, നല്യ, തോയ്‍സ് എന്നിവയും മുംബൈ ഫ്ലൈറ്റ് ഇൻഫോമേഷൻ റീജ്യണിന് കീഴിലുള്ള മുന്ധ്ര, ജാംനഗർ, രാജ്‍കോട്ട്, പോർബന്ദർ, കണ്ട്‍ല, കേശോഡ്, ഭുജ്.