5 വർഷത്തിനിടയിൽ നല്ല മഴ ലഭിച്ച വേനൽക്കാലം; ഉയർന്ന താപനില ഫെബ്രുവരിയിൽ

മെച്ചപ്പെട്ട മഴയും കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ചൂടുമായി 2025 വേനൽ കാലം തുടരുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ നല്ല രീതിയിൽ മഴ ലഭിച്ച വേനൽക്കാലമാണ് 2025 (192 mm). 2022 ന് ശേഷം (243 mm) ഇത്തവണത്തെ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

പസഫിക്  സമുദ്രത്തിലെ എൽനിനോ പ്രതിഭാസ കാരണം ഏറ്റവും കുറവ് മഴ ലഭിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു (52.6 mm) . ഇത്തവണ പസഫിക് സമുദ്രത്തിൽ വേനൽ തുടക്കത്തിലെ ‘ലാനിന’ സാഹചര്യവും തുടരുന്നുള്ള ന്യൂട്രൽ സാഹചര്യവും വേനൽ മഴയ്ക്കുള്ള അനുകൂല സാഹചര്യങ്ങളിൽ ഒന്നായി.

ചൂടിലും ചെറിയ ആശ്വാസം

മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ പകൽ താപനിലയിലും  ചെറിയ ആശ്വാസമുണ്ട്. ഏപ്രിൽ അവസാനിക്കുമ്പോഴും ഇത്തവണ ഔദ്യോഗികമായി മാർച്ച്‌, ഏപ്രിൽ മാസത്തിൽ 40°c മുകളിൽ താപനില രേഖപ്പെടുത്തിയില്ല. 2024, 2023 വർഷങ്ങളിൽ 40°c മുകളിൽ രേഖപ്പെടുത്തിയിരുന്നു.  ഇത്തവണ മാർച്ചിൽ വെള്ളാണിക്കരയിലും ( 39°c ) ഏപ്രിലിൽ പാലക്കാട്‌ ( 38.9°c)  ഉയർന്ന താപനില രേഖപ്പെടുത്തി.( അന്തരീക്ഷ ഈർപ്പം കൂടുതൽ കാരണം പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി ചില ദിവസങ്ങളിൽ കൂടുതൽ ഉണ്ടായിരുന്നു).

എന്നാൽ ഈ വർഷത്തെ മറ്റൊരു പ്രത്യേകതയുണ്ട്. മാർച്ച്‌, ഏപ്രിൽ മാസത്തേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തിയത് ഫെബ്രുവരിയിൽ ആയിരുന്നു. അതും രണ്ടു തവണ കണ്ണൂർ എയർപോർട്ടിൽ ( 40.4& 40.2)