വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി

നിലവില്‍ വഖഫായ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ​ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷൻ ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.  ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിൻ്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വഖഫ് ഭൂമി സംബന്ധിച്ച് 100 ലധികം ഹർജികൾ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. എല്ലാത്തിലും വാദം പറ്റില്ലെന്ന് അറിയിച്ച കോടതി, അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. വിശദവാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കും. നിയമ ഭേദഗതിയിൽ വിശദവാദം തുടരും. നിലവിൽ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. മേയ് 5ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.