

പൊതുവിദ്യാലയങ്ങളിൽ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരേ നിയമനടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവായി.
എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് ബാധകമാണിത്.
നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്‌കുമാർ, അംഗം ഡോ. എഫ്. വിൽസൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിൽ ഹൈക്കോടതി വിധിപ്രകാരമുള്ള അവധിക്കാല ക്ലാസുകളുടെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായിരിക്കും. സിബിഎസ്ഇ റീജണൽ ഡയറക്‌ടറും ഐസിഎസ്ഇ ചെയർമാനും ഇക്കാര്യം ഉറപ്പാക്കണം. ട്യൂഷൻ സെന്ററുകൾക്കും ഇതേ സമയത്ത് ക്ലാസ് നടത്താം. നിയമലംഘനം ഇല്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടറും ഡിജിപിയും ഉറപ്പാക്കണം