കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3

രാജ്യത്തിൻറെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് വിലയിരുത്തല്‍.

വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിൽ ചാന്ദ്രയാൻ പേടകം ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിൽ എത്തി. ഘട്ടംഘട്ടമായി വരും ദിവസങ്ങളിൽ ഭ്രമണപഥം ഉയർത്തും. കൺട്രോൾ റൂമിൽനിന്നുള്ള കമാൻഡുകൾ വഴി ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാകുമിത്‌.

അഞ്ച്‌ ഘട്ടമായി പഥം ഉയർത്താനാണ്‌ തീരുമാനം. ആഗസ്‌ത്‌ ആദ്യവാരം ഭൂമിയുടെ ആകർഷണവലയം ഭേദിച്ച്‌ പേടകം ചന്ദ്രനിലേക്ക്‌ പായും. ദീർഘയാത്രയ്‌ക്കൊടുവിൽ ആഗസ്‌ത്‌ മൂന്നാംവാരം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക്‌ കടക്കും. പിന്നീട്‌ വേഗം കുറച്ച്‌ ചന്ദ്രന്റെ നൂറു കിലോമീറ്റർ അരികിലേക്ക്‌ എത്തിക്കും. തുടർന്ന്‌ പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെടും. വീണ്ടും 50 കിലോമീറ്റർ അരികിലേക്ക്‌ നീങ്ങും. ആഗസ്‌ത്‌ 23നോ 24നോ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും.

നാല്‌ ത്രസ്റ്റർ എതിർ ദിശയിൽ ജ്വലിപ്പിച്ചാണ്‌ വേഗം നിയന്ത്രിക്കുക. സെൻസറുകളുടെ സഹായത്തോടെ സ്വയം നിയന്ത്രിത സംവിധാനം വഴിയാണ്‌ സോഫ്‌റ്റ്‌ ലാൻഡിങ്‌. ആറ്‌ പ്രധാന പരീക്ഷണ ഉപകരണമാണ്‌ ലാൻഡറിലും റോവറിലുമുള്ളത്‌. ഇവ ഉപയോഗിച്ച്‌ രണ്ടാഴ്‌ച പര്യവേക്ഷണം നടക്കും.

1752 കിലോയുള്ള ലാൻഡർ പേടകത്തെ ചന്ദ്രന്റെ പ്രതലത്തിൽ ഇറക്കുകയും അതിനകത്തുള്ള ചക്രവണ്ടി (റോവർ) ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങി സമീപപ്രദേശങ്ങളിൽ രാസപര്യവേക്ഷണം നടത്തുകയുമാണ് ദൗത്യലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ അവസാന നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട് അവിടെ വീണുപോയ ചാന്ദ്രയാൻ -2ലെ വിക്രം എന്ന ലാൻഡറിന്റെ പരിഷ്കരിച്ച പതിപ്പാണ് മൂന്നാം ദൗത്യത്തിലെ ലാൻഡർ.