

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോകൾ പാടില്ലെന്ന കർശന നിർദ്ദേശവുമായി ആധാർ അതോറിറ്റി. ആധാർ സേവനങ്ങൾക്കായി എത്തുന്നവരുടെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ എടുക്കരുതെന്ന് അക്ഷയ സംരംഭകർക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി.
ആധാറിനായി നൽകുന്ന ഫോട്ടോയിൽ ചെവിയും നെറ്റിയും വ്യക്തമായിരിക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയാൻ മുഖം പൂർണ്ണമായും വ്യക്തമാകുന്ന ഫോട്ടോ ആവശ്യമാണ്. നിർദ്ദേശം ലംഘിക്കുന്ന അക്ഷയ സംരംഭകർക്ക് സസ്പെൻഷനും പിഴയും ശിക്ഷയായി ലഭിക്കും.
ആധാര്‍ അതോറിറ്റി (യുഐഡിഎഐ) സംസ്ഥാന അധികൃതരുടേതാണ് നിർദ്ദേശം. ഇത് അക്ഷയ പ്രൊജക്ട് അധികൃതർ സംരംഭകർക്ക് വാട്സ്ആപ്പ് വഴി കൈമാറുകയായിരുന്നു. മുൻപ് ഹിജാബ് ധരിച്ച ഫോട്ടോകൾ ആധാർ കാർഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മുഖം വ്യക്തമല്ലാത്തതിനാൽ നിരവധി അപേക്ഷകൾ തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.