

സംസ്ഥാനത്ത് ഇനി ഭൂമി തരംമാറ്റത്തിന് ചെലവേറും. 25 സെന്റിൽ അധികമാണെങ്കിൽ മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സർക്കുലർ സുപ്രീം കോടതി ശരിവച്ചു. ഭൂമി തരംമാറ്റ ഫീസിൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. 25 സെന്റിൽ കൂടുതൽ തരംമാറ്റുമ്പോൾ അധിക ഭൂമിയുടെ ഫീസ് മാത്രം നൽകിയാൽ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്.
2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 (എ) പ്രകാരം തരംമാറ്റ ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്റ് ഒഴിവാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സംസ്ഥാന സർക്കാരിൻ്റെ സർക്കുലർ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ പത്ത് ശതമാനം ഫീസ് അടച്ചാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്. വിധി പകർപ്പ് ഇന്ന് വൈകിട്ടോടെ പുറത്തുവരുമെന്നാണ് വിവരം. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ഷാജി പി ചാലി അടക്കമുള്ളവർ ഹാജരായി.