
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹി സംഘടനകളുടെ ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്. കേസിൽ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ശിവരാത്രി ഉത്സവങ്ങൾ വരാനിരിക്കെ ഉത്സവങ്ങൾ തടയാനുള്ള നീക്കമാണ് മൃഗസ്നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പിൽ മൂന്നു മീറ്റർ അകലത്തിൽ ആനകളെ നിർത്തണം എന്നുള്ള ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്.
എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ 3 മീറ്റർ ദൂരപരിധി പാലിക്കണം, തീവെട്ടികളിൽനിന്ന് 5 മീറ്റർ അകലം ഉറപ്പാക്കണം, ആനകളുടെ 8 മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പെടെ ഹൈക്കോടതി ഒട്ടേറെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്നു തോന്നുന്നില്ലെന്നും ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു.