

വന്ദേഭാരത് സർവീസുകളിൽ ആകർഷകമായ പുതിയ മാറ്റം കൊണ്ടുവരുകയാണ് റെയിൽവേ. വെറും നാല് മണിക്കൂർ കൊണ്ട് ഒറ്റ സ്റ്റോപ്പ് മാത്രമാക്കി ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ് രീതി. വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ ഗുജറാത്തിലെ അഹമ്മദാബാദിനെയും രാജസ്ഥാനിലെ ഉദയ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സർവീസ് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാത്തിരിക്കുന്നത്. ജനുവരി അവസാനമോ അല്ലെങ്കിൽ ഫെബ്രുവരി ആദ്യത്തോടെയോ അഹമ്മദാബാദ്- ഉദയ്പൂർ വന്ദേ ഭാരത് ആരംഭിച്ചേക്കുമെന്നാണ് വിവരം.
ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും. ഈ ദിവസങ്ങളിൽ ഉദയ്പൂരിൽ നിന്ന് രാവിലെ 6:10 ന് പുറപ്പെട്ട് 10:25 ന് അഹമ്മദാബാദിൽ എത്തിച്ചേരും. തിരികെ, അഹമ്മദാബാദിൽ നിന്ന് വൈകുന്നേരം 5:45 ന് പുറപ്പെട്ട് രാത്രി 10:00 ന് ഉദയ്പൂരിലെത്തും. യാത്രയിൽ ഒറ്റസ്റ്റോപ്പ് മാത്രമായിരിക്കും ഉണ്ടാവുക, രണ്ട് യാത്രകളിലും ഈ സർവീസിന് ഹിമ്മത് നഗറിൽ രണ്ട് മിനിറ്റ് നേരം വന്ദേഭാരത് നിർത്തും. അഹമ്മദാബാദിൽ, ട്രെയിൻ അസർവ റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും.
ഈ പുതിയ സർവീസിനോട് ആളുകളുടെ പ്രതികരണം എങ്ങനെയെന്ന് നോക്കിയ ശേഷം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിക്കാനാണ് റെയിൽവേയുടെ പദ്ധതി. കേരളത്തിലേക്ക് വന്നാൽ ഏറ്റവും അധികം ആളുകൾ യാത്ര ചെയ്യുന്നത് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തിനും കൊച്ചിക്കും ഇടയിലാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് ഇത്തരത്തിൽ ഒരു സർവീസ് അനുവദിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ സാധ്യത തിരുവനന്തപുരം – എറണാകുളം റൂട്ടിലൂടെ സർവീസ് നടത്താനായിരിക്കും.