മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാനൊരുങ്ങി സർക്കാർ

സംസ്ഥാനത്തെ സലൂണുകള്‍, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിലെ മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് തദ്ദേശസ്ഥാപനങ്ങൾ.

ഏകദേശം 27,690 സ്ഥാപനങ്ങളിൽ പ്രതിവർഷം 900 ടൺ മനുഷ്യ മുടിമാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവ വെള്ളം അധികം വലിച്ചെടുക്കാത്തതു കൊണ്ടു തന്നെ മണ്ണിൽ വിഘടിച്ചു ചേരാൻ രണ്ടു വർഷം വരെ എടുക്കും. മുടിമാലിന്യം പലയിടത്തും ജലസ്രോതസ്സുകളിലും പൊതുവിടങ്ങളിലും അടക്കം തള്ളുന്നുണ്ട്. ഇതുമൂലം വെള്ളത്തിൽ നൈട്രജന്റെ അളവ് കൂടുന്നതും യൂട്രോഫിക്കേഷന് (ജലാശയങ്ങളിലെ അമിത പോഷണം. ഇത് ജലാശയ ആവാസവ്യവസ്ഥ തടികം മറിക്കും) കാരണമാകുന്നതും സർക്കാർ ഗൗരവത്തിലെടുത്തു. കൂടാതെ മുടിമാലിന്യം കത്തിക്കുമ്പോൾ അമോണിയ, ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതാണ് മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള തീരുമാനത്തിനു കാരണം.

സർക്കാർ അംഗീകരിച്ച ഏജൻസികൾക്കു മാത്രമേ ബാർബർ ഷോപ്പുകൾ മാലിന്യം കൈമാറൂവെന്ന് സംഘടനകൾ മന്ത്രി എം.ബി.രാജേഷിന് ഉറപ്പു നൽകി. ഇത്തരം ഏജൻസികൾക്ക് മുടിമാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കി മാത്രമേ അടുത്ത സാമ്പത്തിക വർഷം മുതൽ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകൂ. ബ്ലേഡ്, പ്ലാസ്റ്റിക്, ഏപ്രൺ, കോട്ടൺ, ടിഷ്യൂ തുടങ്ങിയ മാലിന്യങ്ങളും ഇതേ ഏജൻസികൾ തന്നെ ശേഖരിക്കും.

കടകളിലെ എല്ലാ അജൈവ മാലിന്യവും ഏജൻസികൾ വഴി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം, ഹരിതകർമ സേനയുടെ യൂസർ ഫീസിൽനിന്ന് ഇത്തരം കടകളെ ഒഴിവാക്കും. അതേസമയം ഭക്ഷണ മാലിന്യം, സാനിറ്ററി മാലിന്യം എന്നിവയുണ്ടെങ്കിൽ ഹരിതകർമ സേനയ്ക്ക് പണം നൽകണം. നിലവിൽ ഏജൻസികളുടെ ഫീസ് നിരക്കുകൾ ഉയർന്നതാണെന്ന സംഘടനകളുടെ പരാതി പരിശോധിക്കാൻ ശുചിത്വ മിഷനെ ചുമതലപ്പെടുത്തി. മാലിന്യത്തിന്‍റെ അളവ് കണക്കാക്കി ഫീസ് ഘടന നിശ്ചയിക്കും. സംസ്ഥാനത്ത് ലൈസൻസുള്ള 27,690 സ്ഥാപനങ്ങളിൽ എണ്ണായിരത്തോളം എണ്ണം മാത്രമേ നിലവിൽ ശാസ്ത്രീയമായ സംസ്കരണത്തിന് മാലിന്യം കൈമാറുന്നുള്ളൂ.

മുടി പുനരുപയോഗിക്കാം

ഒരു പരിധി വരെയേ മുടിമാലിന്യം പുനരുപയോഗിക്കാനാവൂ. സൗന്ദര്യവർധക, ഫാഷൻ മേഖലകളിൽ ഹെയർ എക്സ്റ്റൻഷൻ, വിഗുകൾ, കൃത്രിമകൺപീലികൾ, മീശ, താടി തുടങ്ങിയവ നിർമിക്കാൻ‌ ഇത് ഉപയോഗിക്കുന്നു. ഷാംപൂ, കണ്ടീഷണർ, എണ്ണ, മുടിയിൽ പുരട്ടുന്ന ചായങ്ങൾ മുതലായവയുടെ ഗുണനിലവാരം പരീക്ഷിക്കാൻ റീസൈക്കിൾ ചെയ്ത മുടി ഉപയോഗിക്കുന്നുണ്ട്. പുനരുപയോഗിക്കാൻ കഴിയാത്ത മുടിമാലിന്യം വളമാക്കാനുള്ള സാങ്കേതികവിദ്യയും നിലവിലുണ്ട്.