ശബരിമലയിലെത്തുന്ന ഭക്തർക്കും ദേവസ്വം ജീവനക്കാർക്കും അപകട ഇൻഷ്വറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തരുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ പരിധിയിൽ അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് ലഭിക്കും.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തർ പരിരക്ഷയിൽ വരും. യുണൈറ്റഡ് ജനറൽ ഇൻഷ്വറൻസ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്. പോളിസി തുക ദേവസ്വം ബോർഡ് വഹിക്കും.
ഇതിനുപുറമേ ശുചീകരണ തൊഴിലാളികൾക്കും ഡോളി തൊഴിലാളികൾക്കും ഇൻഷ്വറൻസ് നൽകും. ഇവർക്ക് അംഗത്വം നൽകുന്ന നടപടികൾ ആരംഭിച്ചതായി ശബരിമല എ.ഡി.എം അരുൺ എസ്. നായർ പറഞ്ഞു. മരണമുണ്ടായാലും പൂർണമായ വൈകല്യം സംഭവിച്ചാലും 10 ലക്ഷം രൂപ വീതവും ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയും ഇവർക്ക് ലഭിക്കും.
499 രൂപ പ്രീമിയം നിരക്കിൽ ഒരു വർഷത്തേക്കാണ് ഇന്ത്യാ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ഇൻഷ്വറൻസ് ആരംഭിക്കുന്നത്.