അഞ്ചുമിനിറ്റിൽ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ നിന്ന് പാഴ്സലയയ്ക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന നിബന്ധനയിൽ ഭേദഗതി വരുത്തി ദക്ഷിണ റെയിൽവേ. ഇനിമുതൽ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്സലേ അയയ്ക്കാനാകൂ. തൂക്കം കൂടുന്നതനുസരിച്ച് അധിക ടിക്കറ്റ് എടുക്കണം. അതായത് 1000 കിലോയ്ക്ക് ഇനിമുതൽ നാല് ടിക്കറ്റ് എടുക്കേണ്ടിവരും. തിങ്കളാഴ്ച ഈ നിബന്ധന നിലവിൽവരും.
കമ്പ്യൂട്ടർവത്കരണം നടപ്പാക്കിയതുമുതൽ അഞ്ചുമിനിറ്റിൽ താഴെ തീവണ്ടി നിർത്തുന്ന സ്റ്റേഷനുകളിൽ നിന്ന് അയയ്ക്കുന്ന പാഴ്സലുകൾക്കു തൂക്കത്തിനനുസരിച്ചുള്ള നിരക്കിനു പുറമേ ലഗേജ് ടിക്കറ്റുകൂടി എടുക്കണമെന്ന നിബന്ധനയുണ്ട്. ഏത് സ്റ്റേഷനിലേക്കാണോ അയയ്ക്കുന്നത് അവിടംവരെയുള്ള ജനറൽ ടിക്കറ്റാണ് എടുക്കേണ്ടത്. എന്നാൽ, ഒരു ടിക്കറ്റിന് അയയ്ക്കാവുന്ന തൂക്കത്തിന് പരിധിയുണ്ടായിരുന്നില്ല.
ഇപ്പോൾ തൂക്കത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് തൃശ്ശൂരിൽ നിന്ന് ഡൽഹിയിലേക്ക് 540 രൂപയാണ് ജനറൽ ടിക്കറ്റ് നിരക്ക്. 1000 കിലോയുടെ പാഴ്സൽ അയയ്ക്കാൻ ഇനി 2160 രൂപയ്ക്ക് ടിക്കറ്റ് എടുക്കണം.
രണ്ടുമാസം മുൻപ് പാഴ്സൽ നിരക്കിലും റെയിൽവേ വർധന വരുത്തിയിരുന്നു. നിലവിൽ പാഴ്സൽ സർവീസുകളിൽ ഏറ്റവും ലാഭകരം റെയിൽവേയുടേതാണ്.