പ്രതീക്ഷകൾ തെറ്റിച്ച് ഇന്ന് സ്വർണവിലയില്‍ കുതിപ്പ്

ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ അമ്പരപ്പിച്ച് സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത തിരിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയായി. 480 രൂപ ഉയർന്ന് 55960 രൂപയാണ് പവൻവില. 18 കാരറ്റിനും ഗ്രാമിന് 50 രൂപ കൂടി വില 5770 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ഒക്ടോബർ‌ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന എക്കാലത്തെയും റെക്കോർഡ് വിലയിൽ നിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വരെ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറഞ്ഞിരുന്നു. ഇതേ ട്രെൻഡ് തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, ഇന്ന് വില തിരിച്ചുകയറിയത്. രാജ്യാന്തരവിലയുടെ മലക്കംമറിച്ചിലാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞയാഴ്ച ഔൺസിന് 2,560 ഡോളർ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ രാജ്യാന്തരവില, നിലവിൽ 2,590 ഡോളറിലേക്ക് തിരിച്ചുകയറി. ഇതോടെ കേരളത്തിലും വില കൂടുകയായിരുന്നു.