പലരുടെയും വീടുകളിൽ നോട്ടീസ് എത്തി, ചിലർ പിഴ അടച്ചു; എംവിഡിയുടെ നിർദേശത്തിൽ എ ഐ ക്യാമറകള്‍ പണി തുടങ്ങി

ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡു സർക്കാർ നൽകിയതോടെ പെറ്റിയടി കൂടി. നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീട്ടിലെത്തുന്നുണ്ട്. പലരും നോട്ടീസ് കൈപ്പറ്റി പിഴയുമടച്ചു.

നേരത്തെ കെൽട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തൽ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോൾ 10-25 വരെ എണ്ണത്തിനേ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി ആർ.സി ഉടമയ്ക്ക് നോട്ടീസയയ്ക്കുന്നത് കെൽട്രോൺ ജീവനക്കാരാണ്. സർക്കാരിൽ നിന്ന് പണം കിട്ടാത്തതിനാൽ കെൽട്രോൺ നിയമിച്ച കരാർ ജീവനക്കാരിൽ ഭൂരിഭാഗത്തെയും പിൻവലിച്ചിരുന്നു

സെപ്തംബറോടെയാണ് സർക്കാർ കുടിശ്ശിക നൽകിത്തുടങ്ങയത്. ഇതോടെ കൺട്രോൾ റൂമുകൾ സജീവമായി. ക്യാമകൾ 24 മണിക്കൂറും മിഴി തുറന്ന് നിയമം ലംഘിക്കുന്നവരുടെ ചിത്രമുൾപ്പെടെ കൺട്രോൾ റൂമുകളിലെത്തിച്ചു.

അതേസമയം, സ്‌കൂട്ടർ യാത്രക്കാരന് സീറ്റ് ബെൽറ്റിടാത്തതിന് പിഴയിട്ടതു പോലുള്ള അബദ്ധങ്ങൾ ഉണ്ടാകുന്നുണ്ട്. പരാതിയുണ്ടെങ്കിൽ എൻഫോഴ്മെന്റ് ആർ ടി ഓഫീസിൽ പരാതി നൽകിയാൽ പിഴ പിൻവലിക്കും.