കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു

കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വർധന അനുവദിക്കാൻ ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാവും. നിലവില്‍ ഇത് 50 ശതമാനമാണ്.

പണപ്പെരുപ്പം മൂലം ജീവിത ചെലവിലുണ്ടാവുന്ന വര്‍ധനവ് നേരിടാൻ സഹായിക്കുന്നതാണ് ക്ഷാമബത്ത. മാർച്ചിൽ നാലു ശതമാനം വര്‍ധനവ് അനുവദിച്ചിരുന്നു. പുതിയ വർധനവ് നടപ്പിൽ വരുന്നതോടെ അടിസ്ഥാന ശമ്പളത്തിന്റെ പകുതിയിലും അധികം ഡിഎ ലഭിക്കും. ആറുമാസത്തിൽ ഒരിക്കലാണ് ദേശീയ ഉപഭോക്തൃ സൂചിക (AICPI) പ്രകാരം വർധന പരിഗണിക്കുന്നത്.