സ്വർണവില പവന് 56,000 രൂപയിൽ; ഗ്രാം വില 7,000 രൂപ തൊട്ടു

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് ഇന്ന് വില 7,000 രൂപയായത്. 160 രൂപ വർധിച്ച് 56,000 രൂപയിലാണ് പവൻ വ്യാപാരം. ഈ മാസം ആദ്യം പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയുമായിരുന്നു വില. തുടർന്ന് ഇതുവരെ പവന് 2,640 രൂപയും ഗ്രാമിന് 330 രൂപയും കൂടി. ഇതിൽ പവന് 1,400 രൂപയും കൂടിയത് കഴിഞ്ഞ 5 ദിവസത്തിനിടെ; ഗ്രാമിന് 5 ദിവസംകൊണ്ട് 175 രൂപയും ഉയർന്നു.

വിവാഹം പോലെയുള്ള വിശേഷ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് കനത്ത അടിയാണ് സ്വർണവില വർധന. സ്വർണാഭരണത്തിന് 3% ജിഎസ്ടിയുണ്ട്. പുറമേ ഹോൾമാർക്ക് (HUID) ഫീസും ജ്വല്ലറികൾ ഈടാക്കും. ഇത് 45 രൂപയും അതിന്റെ 18% വരുന്ന ജിഎസ്ടിയുമാണ്; അതായത് 53.10 രൂപ. ഇതിനെല്ലാം പുറമേ പണിക്കൂലിയുമുണ്ട്. ഓരോ ആഭരണത്തിനും അതിന്റെ ഡിസൈന് അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കും. ഇത് സാധാരണ ശരാശരി 8-10 ശതമാനമാണ്. ബ്രാൻഡഡ് ആഭരണങ്ങൾക്ക് 20 ശതമാനത്തിലധികവുമാകാം.

ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ചിലർ പണിക്കൂലിയിൽ വൻതോതിൽ ഡിസ്കൗണ്ടും നൽകാറുണ്ട്. മിനിമം 5% പണിക്കൂലിക്കാണ് ഇന്ന് നിങ്ങൾ സ്വർണാഭരണം വാങ്ങുന്നതെങ്കിൽ പവന് 60,618 രൂപ കൊടുക്കണം. ഗ്രാമിന് 7,577 രൂപയും.

സ്വർണ വില വർധിക്കാൻ നിരവധി കാരണങ്ങളുണ്ട്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയും അനുദിനം റെക്കോർഡ് തകർക്കുന്നത്. രാജ്യാന്തര വില ഔൺസിന് 2,636.16 ഡോളർ എന്ന സർവകാല റെക്കോർഡിലാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 2,632 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയായി.