വെള്ളെഴുത്ത് (പ്രസ്ബയോപ്പിയ) ബാധിച്ചവർക്ക് കാഴ്ചപ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി അവതരിപ്പിക്കപ്പെട്ട പ്രസ്വു തുള്ളിമരുന്നിന്റെ നിർമ്മാണവും വിപണനവും നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). ഈ തുള്ളിമരുന്നിൽ സജീവ ഘടകമായി ഉപയോഗിക്കുന്ന പൈലോകാർപൈൻ ഹൈഡ്രോക്ലോറൈഡ് പുതിയ കണ്ടെത്തലല്ലെന്ന് നേരത്തെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ വില നിയന്ത്രിക്കുന്ന സാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്നാണിത്.
തിമിരത്തിനുള്ള ചികിത്സയായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു എന്നാൽ ഈ മരുന്ന് പ്രായമാകുമ്പോൾ അടുത്തുള്ള വസ്തുക്കൾ കാണാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രെസ്ബയോപിയ എന്ന അവസ്ഥയ്ക്കും ചികിത്സയായി ഉപയോഗിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഐറിസ് പേശികളെ സങ്കോചിപ്പിച്ചുകൊണ്ട് കണ്ണിന് നന്നായി ഫോക്കസ് ചെയ്യാൻ ഇത് സഹായിക്കുന്നു.
‘പൈലോകാർപൈൻ ഹൈഡ്രോക്ലോറൈഡ് ഒഫ്താൽമിക് സൊല്യൂഷൻ നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും നൽകിയിരുന്ന അനുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരിക്കുന്നത് പോലെ, ഈ ഉൽപ്പന്നത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ട ചില അവകാശവാദങ്ങൾക്ക് ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്’, ഡിസിജിഐ ഉത്തരവിൽ പറഞ്ഞു.
കമ്പനി ചോദ്യങ്ങൾക്ക് മതിയായ മറുപടി നൽകിയിട്ടില്ലെന്ന് ഡിസിജിഐ ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ, അംഗീകാരം ലഭിക്കാത്ത ഒരു ഉൽപ്പന്നത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് അതിശയോക്തിപരമായ അവകാശവാദങ്ങൾ ഉന്നയിച്ചു പ്രത്യേകിച്ചും പ്രസ്ബയോപിയയ്ക്കുള്ള തുള്ളിമരുന്നായി അനുമതി ലഭിച്ചെങ്കിലും, റീഡിംഗ് ഗ്ലാസുകളുടെ ആവശ്യമില്ലാതെ കാഴ്ചശക്തി വർദ്ധിപ്പിക്കുമെന്ന അവകാശവാദം തെറ്റാണെന്നും ഡിസിജിഐ അറിയിച്ചു.
അതേസമയം, വിലക്കിനെതിരെ തുടർനടപടികൾ സമീപിക്കുമെന്ന് എന്റ്റോഡ് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു. പുതിയ ഉൽപന്നങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ സർവ്വസാധാരണമായ ഒരു പതിവാണെന്നാണ് എൻട്രോഡ് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ സിഇഒ നിഖിൽ മസൂർക്കർ പ്രതികരിച്ചത്.
എൻട്രോഡിന്റെ കാര്യത്തിൽ, മാധ്യമ റിപ്പോർട്ടുകൾ വൈറലായി, പൊതുജനങ്ങളിൽ അനാവശ്യമായ പ്രതീക്ഷകൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു വലിയ ഫാർമ കമ്പനികൾ തങ്ങളുടെ വെബ്സൈറ്റുകളിൽ കൃത്യമായ അംഗീകൃത സൂചനകളിൽ നിന്ന് വ്യത്യസ്തമായി ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദമായ വിവരങ്ങൾ നൽകുന്നത് സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.