ഇന്ത്യയിൽ അരലക്ഷം കുട്ടികളെ കാണാതാകുന്നു; കുട്ടികളെ തട്ടിക്കൊണ്ടുപോകലിൽ ബിഹാർ മുന്നിൽ

നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ വർഷത്തിൽ അരലക്ഷം കുട്ടികളെ കാണാതാകുന്നതായി റിപ്പോർട്ട്‌. 2022ൽ മാത്രം 44524 കുട്ടികളെയാണ്‌ രാജ്യത്ത് കാണാതായത്‌. ഇതിൽ 13379 ആൺകുട്ടികളും 31133 പെൺകുട്ടികളും 12 ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്‌. ബിഹാർ (6600), ഛത്തീസ്‌ഗഡ്‌(1776), മധ്യപ്രദേശ്‌ (3735), മഹാരാഷ്ട്ര (2324), ഒഡീഷ (2808), പഞ്ചാബ്‌ (2494), രാജസ്ഥാൻ (1218), യുപി (2530), പശ്ചിമ ബംഗാൾ (7085), തമിഴ്‌നാട്‌ (1867) തുടങ്ങിയ സംസ്ഥാനങ്ങളാണ്‌ പട്ടികയിൽ മുന്നിൽ.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 5730 കുട്ടികളെ കാണാതായി. ഇതേ കാലയളവിൽ കേരളത്തിൽ കാണാതായത്‌ 118 കുട്ടികളെയാണ്‌. എന്നാൽ, മുൻവർഷങ്ങളിൽ കാണാതായതടക്കം 1799 കുട്ടികളെ കേരളത്തിൽ നിന്ന്‌ കണ്ടെത്തി. 6600 കുട്ടികളെ കാണാതായ ബിഹാറിൽ 5819 പേരെയാണ്‌ കണ്ടെത്തിയത്‌. യുപിയിൽ ഇത്‌ 3750 ആണ്‌. മുൻവർഷങ്ങളിൽ കാണാതായവരടക്കമാണിത്‌.

കുട്ടികളെ തട്ടിക്കൊണ്ടുപോകലിലും ബിഹാറാണ്‌ മുന്നിൽ. 2022 പേരിൽ 613 കുട്ടികളെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന്‌ ഇതേ കാലയളവിൽ 605 കുട്ടികളെയും തട്ടിക്കൊണ്ടുപോയി. ബാലവേല, ലൈംഗികവൃത്തി, മറ്റ്‌ ഉപദ്രവം, കുടുംബവേല, നിർബന്ധിത ബാലവിവാഹം, മറ്റ്‌ കുറ്റകൃത്യം എന്നിവ ലക്ഷ്യമിട്ടാണ്‌ തട്ടിക്കൊണ്ടുപോകലെന്നും റിപ്പോർട്ടുണ്ട്. മുതിർന്നവരടക്കം തട്ടിക്കൊണ്ടുപോയവരിൽ 3335 പേർ നിർബന്ധിത തൊഴിലിനും 1983 പേർ ലൈംഗികവൃത്തിക്കും ഇരയാക്കപ്പെട്ടു. അശ്ലീലദൃശ്യങ്ങൾ നിർമിക്കാനായി ഏറ്റവുമധികം കുട്ടികളെ തട്ടിക്കൊണ്ടുപോയത്‌ കർണാടകയിലാണ്‌. 47 കേസാണ്‌ കർണാടകയിൽ റിപ്പോർട്ട്‌ ചെയ്തത്‌.