ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം.
ഭാരത് ബന്ദിന് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ബന്ദിനിടെ അക്രമസംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാ ഡിവിഷണൽ കമ്മീഷണർമാരും ജില്ലാ മജിസ്ട്രേറ്റുകളും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയും ഡിജിപിയും അധ്യക്ഷത വഹിച്ച യോഗത്തിൽ ആഗസ്റ്റ് 21 ന് നടക്കുന്ന ബന്ദിന് തയ്യാറെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഭാരത് ബന്ദ് ശക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് അവിടെ കനത്ത ജാഗ്രത പുലർത്തിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ വിപുലമായ നടപടികളാണ് സ്വീകരിക്കുന്നത്.
ഭാരത് ബന്ദ്- ഏതൊക്കെ മേഖലകളെ ബാധിക്കും?
ഭാരത് ബന്ദ് ആശുപത്രി, പത്രം, പാൽ, ആംബുലൻസുകൾ പോലുള്ള അടിയന്തര സേവനങ്ങളെ ബാധിക്കില്ല. പൊതുഗതാഗതം സ്‌തംഭിക്കാനും ചില സ്വകാര്യ ഓഫീസുകൾ അടച്ചിടാനും സാധ്യതയുണ്ട്. ബഹുജൻ സംഘടനകൾ ഭാരത് ബന്ദിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്തില്ല. ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും നടന്നേക്കും.