ഇന്ത്യയിലെ ജനസംഖ്യ 2036-ഓടെ 152.2 കോടിയാകുമെന്നും ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിൻ്റെ വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023 റിപ്പോർട്ട്. സ്ത്രീകൾ 2011-ൽ 48.5 ശതമാനമായിരുന്നത് 48.8 ശതമാനമായി വർധിക്കും. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീപങ്കാളിത്തം വർധിച്ചുവരുന്നതായും സ്റ്റാർട്ടപ്പ് സംവിധാനത്തിൽ സ്ത്രീസംരംഭകർ വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2011-നെക്കാൾ 2036-ൽ
* 15 വയസ്സിൽ താഴെയുള്ളവർ കുറയും. പ്രത്യുത്പാദനക്ഷമത കുറയുന്നതിന്റെ പശ്ചാത്തലത്തിലാണിത്
* 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം കുറയും
* ജനസംഖ്യ കൂടുതൽ സ്ത്രീകേന്ദ്രിതമാകും
* 943-ൽനിന്ന് 952 ആയി സ്ത്രീ-പുരുഷ അനുപാതം വർധിക്കും
* ശിശുമരണനിരക്ക് കുറയും
തൊഴിൽമേഖലയിൽ 15 വയസ്സിനു മുകളിലുള്ളവരുടെ പങ്കാളിത്തമേറും
തൊഴിൽമേഖലയിൽ 15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 2017-18 മുതൽ വർധിക്കുന്നു. 2017-18 മുതൽ 2022-23 വരെയുള്ള കാലയളവിൽ പുരുഷന്മാരുടെ തൊഴിൽപങ്കാളിത്തനിരക്ക് 75.8-ൽനിന്ന് 78.5 ആയി വർധിച്ചു. സ്ത്രീകളുടെ തൊഴിൽപങ്കാളിത്ത നിരക്കാകട്ടെ 23.3-ൽനിന്ന് 37 ആയും വർധിച്ചു. തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തവും കൂടി. 1999 വരെയുള്ള പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തം 60 ശതമാനമായിരുന്നു. 2019-ൽ 67.2 ശതമാനമായി വർധിച്ചു. 2016 മുതൽ 2023 വരെ 1,17,254 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു. ഇതിൽ 55,816 സ്റ്റാർട്ടപ്പുകളുടെ നേതൃത്വം സ്ത്രീകൾക്കാണ്.
ശിശുമരണനിരക്ക് തോത് കേരളത്തിൽ കുറവ്
ശിശുമരണനിരക്ക് തോത് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവ്. 2020-ൽ കേരളത്തിൽ ഗ്രാമ, നഗര ഭേദമെന്യേ ശിശുമരണനിരക്കിന്റെ തോത് ശരാശരി ആറുശതമാനമാണ്. ഗ്രാമീണമേഖലയിൽ നാലും നഗരമേഖലയിൽ ഒമ്പതും.
കൂടുതൽ മധ്യപ്രദേശിലാണ് -43 ശതമാനം. ഉത്തർപ്രദേശിലും ഛത്തിസ്‌ഗഢിലും 38 ശതമാനമാണ്. ആസമും ഒഡിഷയുമാണ് മൂന്നാമത് -36 ശതമാനം