ഇന്ത്യയുടെ ആണവ അന്തർവാഹിനി പദ്ധതിക്ക് ഊർജ്ജം പകർന്ന് രണ്ടാം ആണവ അന്തർവാഹിനി പ്രവർത്തന സജ്ജമാകുന്നു. ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് നാവികസേന. ആണവ മിസൈലുകൾ അന്തർവാഹിനിയിലുണ്ടാകും. വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്യുമെന്നാണ് വിവരം.
വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെൻ്ററിലാണ് ഐഎൻഎസ് അരിഘട്ടിന്റെ നിർമാണം നടക്കുന്നത്. കമ്മീഷൻ ചെയ്തു കഴിഞ്ഞാൽ ഐഎൻഎസ് അരിഹന്തറിൽ ചേരും. 2016-ലാണ് ഇന്ത്യയുടെ ആദ്യ അന്തർവാഹിനിയായ അരിഹന്ത് കമ്മീഷൻ ചെയ്തത്. ഇതിന് പുറമേ ആറ് ആണവ അന്തർവാഹിനികളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഒരു ലക്ഷം കോടി രൂപയാണ് നിർമാണ ചെലവ്. 96 ശതമാനം തദ്ദേശീയമായി വികസിപ്പിച്ച ഘടകങ്ങളാകും ആണവ അന്തർവാഹിനി നിർമാണത്തിന് ഉപയോഗിക്കുക.
അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയും ഡ്രോണുകളും ഇവയിലുണ്ടാകും. പാകിസ്താന്റെയും ചൈനയുടെയും വെല്ലുലവിളികൾ നേരിടാൻ കൂടുതൽ അന്തർവാഹിനികൾ നിർമിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മൂന്നാമത്തെ ആണവ അന്തർവാഹിനിയായ അരിധമൻ അടുത്ത വർഷം കമ്മീഷൻ ചെയ്യും.