അനധികൃത വായ്പ ആപ്പുകൾക്ക് പൂട്ട് വീഴും; നിയന്ത്രണം കടുപ്പിക്കാൻ ആർബിഐ

ഡിജിറ്റൽ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി റിസർവ് ബാങ്ക്. അനധികൃത ആപ്പുകൾ മൂലമുണ്ടാകുന്ന  പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്‍കുന്ന  സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ ആർബിഐക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നിർദേശിച്ചിട്ടുണ്ട്.

കൂണുപോലെ മുളച്ചുപൊന്തുന്ന വായ്‌പ ആപ്പുകൾക്കുള്ള കൂച്ചു വിലങ്ങായിരുക്കും ആർബിഐയുടെ പുതിയ നടപടി. വായ്‌പ അനുവദിക്കുന്ന സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളെ കുറിച്ചുള്ള പൂർണ വിവരങ്ങൾ റിപ്പോർട്ടുചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്നാണ് ആർബിഐയുടെ നിർദേശം. അനധികൃതമായി വായ്പ നൽകുന്ന ആപ്പുകൾ തിരിച്ചറിയാൻ ഈ നടപടി ഉപഭോക്താക്കളെ സഹായിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

യുപിഐ വഴിയുള്ള നികുതി അടയ്‌ക്കുന്നതിനുള്ള ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയർത്തുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ആർബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് നികുതിയിൽ നിന്നും രക്ഷ നേടാം. അതായത് ചുരുക്കി പറഞ്ഞാൽ, യുപിഐ നികുതി അടവ് പരിധി നിലവിലെ ഒരു ലക്ഷം രൂപ ആകുമ്പോൾ ഉപയോക്താക്കൾ ഇതിൽ കൂടുതൽ പണം കൈമാറുമ്പോൾ നികുതി നൽകേണ്ടതായി വരുമായിരുന്നു. എന്നാൽ പരിധി ആർബിഐ 5 ലക്ഷം രൂപയായി ഉയർത്തുമ്പോൾ, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മാത്രം ഉപയോക്താക്കൾ നികുതി നൽകിയാൽ മതി. അതായത്  ഈ പരിധിക്ക് താഴെയുള്ള ഇടപാടുകൾ നികുതി രഹിതമായിരിക്കും.