തിരുവനന്തപുരം: വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം ഒഴിവാക്കപ്പെട്ടത് 29,48,133 പേരെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌ത 18,37,708 പേർ മരിച്ചു. 9,51,532 പേർ സ്ഥലം മാറിപ്പോയതിനാൽ ഒഴിവാക്കി. 1,58,893 ഇരട്ട വോട്ടുകൾ കണ്ടെത്തി നീക്കം ചെയ്‌തു.
പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം സി–വിജിൽ ആപ് വഴി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2038 കേസുകൾ. ഇതിൽ 58 എണ്ണം കള്ളപ്പരാതികളാണെന്ന് കണ്ടെത്തി തള്ളി. 1927 പരാതികൾ തീർപ്പാക്കി. ബാക്കി 53 എണ്ണം നടപടി ഘട്ടത്തിലാണ്. അനുമതിയില്ലാതെ പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചതിന് എതിരെയാണ് കൂടുതൽ പരാതികൾ – 1666. വർഗീയ പ്രചാരണം നടത്തിയെന്ന നാല് പരാതികളിൽ ഒരെണ്ണം തള്ളി; മൂന്നെണ്ണം തീർപ്പാക്കി.
തെരഞ്ഞെടുപ്പ് വിവരങ്ങളറിയാൻ കോൾ സെന്ററുകൾ പ്രവർത്തനം തുടങ്ങി. ജില്ലകളിൽ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറൽ ഓഫീസിൽ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാം. സമൂഹ മാധ്യമങ്ങളിലും അല്ലാതെയും പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ‘ഓർഡർ’ സോഫ്‌റ്റ്‌വെയർ സജ്ജമാക്കി. വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. പോളിങ് ബൂത്തുകളിൽ ക്രഷെകൾ സ്ഥാപിക്കും. വോട്ട് ചെയ്യാനെത്തുന്നവരുടെ കുഞ്ഞുങ്ങൾക്ക് വിശ്രമിക്കാനും കളിക്കാനും സൗകര്യമുണ്ടാകും. ചെക്ക് പോസ്റ്റുകൾ സിസിടിവി നിരീക്ഷണത്തിലാക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാർഡ് അച്ചടിക്ക് അയച്ചു. ഇതിൽ 17,25,176 എണ്ണം പൂർത്തിയായി. മാസാവസാനത്തോടെ വിതരണം പൂർത്തിയാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌കൗൾ പറഞ്ഞു.
തപാൽ വോട്ട്: മാധ്യമപ്രവർത്തകർ 12 ഡി ഫോം നൽകണം
സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാധ്യമപ്രവർത്തകർക്കും തപാൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സഞ്ജയ്‌കൗൾ. ആവശ്യമുള്ളവർ 12 ഡി ഫോം പൂരിപ്പിച്ച് നൽകണം. വോട്ടർപട്ടികയിൽ പേരുള്ളിടങ്ങളിലെ പോളിങ് ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി വോട്ട് രേഖപ്പെടുത്താം. ഇതിനുള്ള നടപടികൾ കമീഷൻ ആരംഭിച്ചിട്ടുണ്ട്. വിശദമായ മാർഗനിർദേശം പിന്നീട് നൽകും.