സ്വർണത്തിന് വൻ വിലക്കയറ്റ സാധ്യത, നവംബറിൽ പവന് റെക്കോർഡ് വില കൊടുക്കേണ്ടി വരുമെന്ന് വിദഗ്ധർ

നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും.

നിലലിൽ 44000ത്തിന് മുകളിലാണ് സ്വർണവില. സ്വർണവിലയിൽ 3.3% വളർച്ചയുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. വെള്ളി വിലയും കുതിച്ചുയരും. വെള്ളിക്ക് ഏകദേശം 5,000 രൂപ ഉയർന്ന് ദീപാവലിയാകുമ്പോൾ കിലോഗ്രാമിന് 75,000 രൂപയിൽ എത്തുമെന്നും മുന്നറിയിപ്പുണ്ട്.

ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. യുദ്ധം, യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പ്രതികൂലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കൽ ഡിമാൻഡ് വർധന എന്നിവയെല്ലാം സ്വർണ വിലയിൽ വർധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കേഡിയ പറഞ്ഞു.