വീണ്ടും മഴ ശക്തമാകും; അന്തരീക്ഷ താപനില ഉയരും

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷം കഴിഞ്ഞ് തുലാവർഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ് കാലാവസ്ഥയിൽ ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി പകൽസമയത്ത് അന്തരീക്ഷ താപനിലയും കടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകുമെന്നാണ് വിലയിരുത്തുന്നത്.

കാലവർഷം കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ദുർബലമായത്. ദിവസങ്ങളോളം തുടർച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ച ശേഷമായിരുന്നു കാലവർഷം പിൻവാങ്ങിയത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ശരാശരി പകൽ താപനില 27-28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32-33 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. തുലാവർഷ മഴയെത്തുമ്പോഴും പകൽ സമയത്ത് താപനില ഇതേ നിലയിൽ തുടരാനാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള മഴ സാധ്യതാ പ്രവചനം കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇവ പ്രകാരം ഒക്ടോബർ 6 മുതൽ 12 വരെയുള്ള ആഴ്ചയിൽ സാധാരണയിൽ കുറവ് മഴയും രണ്ടാമത്തെ ആഴ്ചയിൽ ഒക്ടോബർ 13 മുതൽ 19 വരെ സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തിയത്. തുലാവർഷം ആരംഭിക്കുന്നതോടെ ഈ മുന്നറിയിപ്പുകളിലും മാറ്റമുണ്ടായേക്കും.