മഹേഷ് പി എൻ പുതിയ ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് പി ജി മുരളി

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക.

പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ (ശബരിമല), നിരുപമ ജി വർമ (മാളികപ്പുറം) എന്നീ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ പേരുകള്‍ നറുക്കെടുത്തത്. ഇന്നലെയാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. 22ന് രാത്രി 10ന് നട അടയ്ക്കും.

മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 ന് തുടങ്ങും. നവംബർ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും.