ബിപോർജോയ് ഭീഷണി ശക്തം, അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്രം; കേരള തീരത്തും ഉയർന്ന തിരമാല ജാഗ്രത

ബിപോർജോയ് ചുഴലിക്കാറ്റ് ഭീഷണിയുമായി ബന്ധപ്പെട്ട് മൂന്ന് സേന വിഭാഗങ്ങളുടെയും തലവന്മാരുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചർച്ച നടത്തി. ചുഴലിക്കാറ്റ് ഭീഷണി നേരിടാനുള്ള മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത പ്രതിരോധ മന്ത്രി ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും നിർദ്ദേശിച്ചു. അതേസമയം ചുഴലിക്കാറ്റിനെ തുടർന്ന് സൗരാഷ്‌ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിചിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഇപ്പോഴും തുടരുന്നു. ഇതിനോടകം 40000 ത്തിന് അടുത്ത് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ബിപോർജോയ് നേരിട്ട് ബാധിക്കുന്ന കച്ചിൽ നിന്നാണ് കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നത്.

അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ എല്ലാം സൈന്യത്തിന്‍റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് യോഗം ചേർന്നിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും നാളെയുമായി 50 ട്രെയിനുകൾ റദ്ദാക്കിയിട്ടുമുണ്ട്.

അതിനിടെ, കേരള തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 14-06-2023 രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 68 cm നും 90 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.