പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിലെ സ്വകാര്യ മേഖലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് സംസ്ഥാന ലേബര്‍ കമ്മീഷണറുടെ ഉത്തരവ്.

അതേസമയം, അവധി അനുവദിക്കുന്നതിലൂടെ തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഉണ്ടാവാന്‍ ഇടയാവുമെങ്കില്‍ അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ലേബർ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് അതേ ദിവസം മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് തൊഴിലുടമ വേതനത്തോട് കൂടി പ്രത്യേക അവധി നൽകണമെന്നും ഉത്തരവായിട്ടുണ്ട്. ഐ.ടി, പ്ലാന്റേഷൻ തുടങ്ങിയ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മിഷണർ അറിയിച്ചു.