പുതിയ പാർലമെന്റ് ഈ മാസം 28ന് ഉദ്ഘാടനം ചെയ്യും

പുതിയ പാർലമെന്‍റ് മന്ദിരം ഈ മാസം 28ന് രാജ്യത്തിന് സമർപ്പിക്കുകയാണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭാ സ്പീക്കർ ക്ഷണിച്ചു. രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പാർലമെന്‍റ് മന്ദിരത്തിന്‍റെ പണി പൂർത്തിയാകുന്നത്.

ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ എഡ്വിൻ ല്യുട്ടൻസും ഹെർബർട്ട് ബേക്കറും രൂപകൽപ്പന ചെയ്ത ഇന്ത്യയുടെ ഇപ്പോഴുളള പാർലമെന്‍റ് മന്ദിരം. 96 വർഷമായി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടയാളമായ ഈ കെട്ടിടത്തിൽ നിന്ന്, രാജ്യം പുതിയൊരു മന്ദിരത്തിലേക്ക് വാതിൽ തുറക്കുകയാണ്.

സ്വന്തമായി,കൂടുതൽ വിശാലമായി പുത്തൻ പാർലമെന്‍റ് മന്ദിരം. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്ത്രിതിയിൽ പുതിയ കെട്ടിടം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊളളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങൾ. രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങൾ. ത്രികോണാകൃതിയിലാണ് മന്ദിരം. മൂന്ന് കവാടങ്ങൾ. ഗ്യാൻ,ശക്തി,കർമ എന്ന് കവാടങ്ങൾക്ക് പേര്. എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസുണ്ട് കെട്ടിടത്തിൽ.

ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന വിശാലമായ ഭരണഘടനാ ഹാൾ,എംപിമാർക്കായി ലോഞ്ച്,ലൈബ്രറി,സമ്മേളനമുറികൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്. കടലാസ് രഹിതമാക്കാൻ അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസ് പ്രത്യേകതയാണ്.

2020 ഡിസംബറിൽ പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്. 2021 ജനുവരി 15ന് നിർമാണം തുടങ്ങി. പുതിയ മന്ദിരം തുറക്കുന്നതോടെ , പഴയ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും.