പനി കൂടുന്നു;15 ഹോട്‌സ്‌പോട്ടുകൾ

മഴ ശക്തമായതോടെ കോട്ടയം ജില്ലയിലെ പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി തുടങ്ങിയവ ചികിത്സിക്കാനായി നൂറുകണക്കിന്‌ പേരാണ്‌ ദിവസവും ജില്ലയിലെ വിവിധ ആശുപത്രികളിൽ എത്തുന്നത്‌.

ജൂൺ മാസത്തിൽ മാത്രം 14316 പേരാണ്‌ ചികിത്സ തേടിയത്‌. ഇതിൽ 30 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു. 202 കേസുകളിൽ ഡെങ്കിപ്പനി സംശയിക്കുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ 15 കേന്ദ്രങ്ങൾ ഡെങ്കിപ്പനി ബാധിത ഹോട്‌സ്‌പോട്ടുകളായി ആരോഗ്യവകുപ്പ്‌ കണ്ടെത്തി. ഈ പ്രദേശങ്ങളിൽ പ്രത്യേക പരിശോധന നടത്തും.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ്‌ കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള പ്രദേശങ്ങളെയാണ്‌ ഹോട്‌സ്‌പോട്ടായി ഉൾപ്പെടുത്തുക. എരുമേലി, പാമ്പാടി, കാളകെട്ടി, കാട്ടാമ്പാക്ക്‌, കടനാട്‌, മീനടം, ഇടമറുക്‌, കുമരനല്ലൂർ, പാമ്പാടി, മണിമല, വെള്ളാവൂർ, ആർപ്പൂക്കര, കറുകച്ചാൽ, ഞീഴൂർ, കോട്ടയം നഗരസഭ എന്നിവിടങ്ങളിലാണ്‌ ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്‌.