നവോദയ ആറാം ക്ലാസ് പ്രവേശനം: അപേക്ഷിക്കാം ഓഗസ്റ്റ് 10 വരെ

ജവഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷം ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളായിരിക്കണം. നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും രണ്ടാം ചാൻസിൽ ജയിക്കുന്നവരും അപേക്ഷിക്കേണ്ട. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 6 മുതൽ 12 വരെ ക്ലാസുകളിലേക്കു സിബിഎസ്‌ഇ സിലബസ് അനുസരിച്ചാണു പഠനം. എട്ടു വരെ മലയാളമാധ്യമം. തുടർന്ന് മാത്‌സും സയൻസും ഇംഗ്ലീഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലും.

സ്‌കൂളിൽ തന്നെ താമസിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യം. 9–12 ക്ലാസുകളിൽ മാത്രം 600 രൂപ പ്രതിമാസ ഫീസുണ്ട്. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർക്ക് ഈ ഫീസുമില്ല. സർക്കാർ ജീവനക്കാരുടെ കുട്ടികൾക്കു വേറെ നിരക്കുണ്ട്. സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ സ്ഥിരതാമസക്കാരെ മാത്രമേ പരിഗണിക്കൂ.

ജനനം 2012 മേയ് ഒന്നിനു മുൻപോ 2014 ജൂലൈ 31നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. ഫോമിനും പ്രോസ്‌പെക്‌ടസിനും www.navodaya.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.