എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ‘ഹാപ്പിനസ് പാർക്ക് ’ തുടങ്ങും. 941 പഞ്ചായത്ത്, 87 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിൽ ഒരു പാർക്ക് ഉറപ്പാക്കും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ– ഓർഡിനേഷൻ കമ്മിറ്റിയിലാണ് തീരുമാനം.
സ്വസ്ഥമായി വന്നിരിക്കാനും കളിക്കാനും വിനോദ പരിപാടികൾക്കും കായികാഭ്യാസത്തിനും സൗകര്യങ്ങളൊരുക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ 50 സെന്റ് സ്ഥലമെങ്കിലും കണ്ടെത്തണം. മാലിന്യം തള്ളിയിരുന്ന സ്ഥലത്തിനും ശ്‌മശാനത്തിനു സമീപമുള്ളവയ്ക്കും മുൻഗണന.
പാർക്കിനായി ഭൂമി വാങ്ങുന്നതിനുൾപ്പെടെ വികസന ഫണ്ടും തനതുഫണ്ടും കൂടാതെ മാലിന്യ സംസ്കരണ മേഖലയ്‌ക്കുള്ള വിഹിതത്തിന്റെ ഒരുഭാഗവും വിനിയോഗിക്കാം. സ്പോൺസർഷിപ്, സിഎസ്‌ആർ എന്നിവയിലൂടെയും ഫണ്ട് കണ്ടെത്താം. ഇതിനായി മാതൃകാ പദ്ധതി തയ്യാറാക്കണം. നിലവിലുള്ള പാർക്കുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ഹാപ്പിനസ് പാർക്കായി മാറ്റുകയുമാകാം. പദ്ധതിയുടെ കരട് ചീഫ് ടൗൺ പ്ലാനർ തയ്യാറാക്കും. തുടർന്ന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താം.