ഖജനാവിന്‌ ഷഷ്‌ടി പൂർത്തി; ട്രഷറി@60

സംസ്ഥാനത്തിന്റെ സാമ്പത്തിക നടത്തിപ്പിനും സംസ്ഥാന സർക്കാരിന്റെ പണം കൈകാര്യം ചെയ്യുന്നതിനുമുള്ള ഏജൻസിയായ ട്രഷറി വകുപ്പ്, സ്വതന്ത്രവകുപ്പായി പ്രവർത്തനം തുടങ്ങിയിട്ട് ചൊവ്വാഴ്ച അറുപതുവർഷം തികഞ്ഞു. റവന്യു വകുപ്പിന്റെ ഭാഗമായിരുന്ന ട്രഷറി വകുപ്പ് 1963 ആഗസ്‌ത്‌ ഒന്നിനാണ് സ്വതന്ത്രവകുപ്പായത്.

ധനകാര്യവകുപ്പിന്റെ ഭരണപരമായ നിയന്ത്രണമുള്ള ട്രഷറി വകുപ്പിന് നിലവിൽ മൂന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകൾ, 23 ജില്ലാ ട്രഷറികൾ, എട്ട് പെൻഷൻ പേയ്മെന്റ് സബ് ട്രഷറികൾ ഉൾപ്പെടെ 201 സബ് ട്രഷറികൾ, 12 സ്റ്റാമ്പ് ഡിപ്പോകൾ എന്നിവയുണ്ട്. ഭരണസൗകര്യാർഥം ആസ്ഥാനമേഖല, ദക്ഷിണ, മധ്യ, ഉത്തരമേഖലകളായി തിരിച്ചിട്ടുണ്ട്. കോട്ടയം, പാലാ(റൂറൽ), ജില്ലാ ട്രഷറികളും അവയുടെ കീഴിലുള്ള സബ് ട്രഷറികളും ദക്ഷിണമേഖലയിലാണ്.

രാജ്യത്ത് പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം ആദ്യമായി നടപ്പാക്കിയ സ്ഥാപനങ്ങളിലൊന്നാണ് കേരള ട്രഷറി. നിലവിൽ മുഴുവൻ ഇടപാടുകളും ഓൺലൈൻ ഇടപാട് സംവിധാനമായ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം- കേരളം വഴിയാണ്.