കെപിപിഎല്ലിലെ അഗ്നിബാധ; കാരണം കണ്ടെത്താൻ വിശദ പരിശോധന നടത്തും

പ്രതിസന്ധികളിൽനിന്നു പ്രതീക്ഷയുടെ പുതിയ ആകാശത്തേക്ക് മുന്നേറാനുള്ള ശ്രമത്തിനിടെയാണ് വെള്ളൂരിലെ കെപിപിഎല്‍ കമ്പനിയുടെ പ്രധാന ഭാഗമായ പേപ്പർ മെഷീൻ പ്ലാന്റിൽ വൻ അഗ്നിബാധയുണ്ടായത്. ഉച്ചയ്ക്ക് 2 മുതൽ 10 വരെ ഷിഫ്റ്റിലുള്ള തൊഴിലാളികളാണ് അപകടസമയത്ത് ജോലി ചെയ്തിരുന്നത്. ഇതിനു ശേഷം 10 മുതൽ പിറ്റേന്ന് പുലർച്ചെ 6 വരെയുള്ള തൊഴിലാളികൾ എത്തേണ്ടിയിരുന്നു. കടുത്തുരുത്തി, വൈക്കം ഫയര്‍ സ്റ്റേഷനുകളിലെ അഗ്നിരക്ഷാ സേനാംഗങ്ങളുടെ കടുത്ത പരിശ്രമത്താലാണ് തീ മൂന്നര മണിക്കൂർ കൊണ്ട് അണയ്ക്കാനായത്.

ജർമൻ നിർമിതമാണ് പേപ്പർ മെഷീൻ പ്ലാന്റ്. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) ആയിരുന്ന കാലത്ത് ഉണ്ടായിരുന്നതാണ് ഈ പ്ലാന്റ്. എച്ച്എൻഎൽ പ്രതിസന്ധിയിലായതോടെ 2019ൽ പ്രവർത്തനം നിർത്തി. തുടർന്നു സംസ്ഥാന സർക്കാർ എച്ച്എൻഎൽ ഏറ്റെടുത്ത് കെപിപിഎൽ ആക്കി പ്രവർത്തനം പുനരാരംഭിച്ചതോടെ 3 വർഷത്തിന് ശേഷം 2022ലാണ് പ്ലാന്റ് വീണ്ടും ഉപയോഗിച്ച് തുടങ്ങിയത്. പേപ്പർ മെഷീൻ പ്ലാന്റ് അടക്കം യന്ത്രങ്ങളുടെ നവീകരണത്തിന് 154 കോടി രൂപയാണ് സംസ്ഥാന സർക്കാർ അന്ന് അനുവദിച്ചത്. പുതിയ കരാറുകളുമായി മുന്നോട്ടു പോകാൻ ശ്രമം നടത്തുന്നതിനിടെ പ്ലാന്റിൽ വലിയ നാശനശഷ്ടമുണ്ടായത് കെപിപിഎല്ലിന്റെ പ്രവർത്തനത്തെ ബാധിക്കും. നാശത്തിന്റെ വ്യാപ്തി പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

തീപിടിത്തത്തിന്റെ കാരണം വിശദമായ പരിശോധനയിലേ കണ്ടെത്താനാവൂ. ഷോർട് സർക്യൂട്ട് വഴി തീപ്പൊരി വീണതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 42 റോളുകൾ പ്ലാന്റിനുള്ളിൽ കറങ്ങുന്നുണ്ട്. ഇതിലേക്ക് എല്ലാം ലൂബ്രിക്കേഷന് വേണ്ടി ഓയിൽ ലൈനുകളുണ്ട്. ഈ ലൈനുകളിലേക്ക് തീപടർന്നത് അപകടത്തിന്റെ കാഠിന്യം വർധിപ്പിച്ചു. യന്ത്രത്തിനുള്ളിലെ ബെൽറ്റുകളും കത്തി. തീപടരുന്നതിനൊപ്പം യന്ത്രഭാഗങ്ങളിലെ പ്ലാസ്റ്റിക്കും റബറും അടക്കം കത്തിയുള്ള കറുത്ത പുക നിറഞ്ഞതും തീ കെടുത്തുന്നതിനു പ്രതിസന്ധി സൃഷ്ടിച്ചു.