കാലവർഷം പകുതി പിന്നിട്ടപ്പോഴും എല്ലാ ജില്ലകളിലും മഴയുടെ അളവ് കുറവ്

കാലവർഷം പകുതി പിന്നിട്ടപ്പോൾ കേരളത്തിൽ മഴയിൽ 35% കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ 1 മുതൽ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ, ഇതുവരെ ലഭിച്ചത് 852 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. അടുത്ത രണ്ടു മാസവും സാധാരണയിൽ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പ്രവചനം ശരിയാകുമെങ്കിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് രൂക്ഷമായ വരൾച്ചയായിരിക്കും.

എല്ലാ ജില്ലകളിലും കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി ( -52%), വയനാട് ( -48%), കോഴിക്കോട് ( -48%) ജില്ലകളിൽ മഴ നന്നായി കുറഞ്ഞു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസറഗോഡ് ( 1602.5 mm) ജില്ലയിലാണെങ്കിലും അവിടെയും 18 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. കണ്ണൂരിൽ ഇതുവരെ 1436.6 mm മഴ ലഭിച്ചെങ്കിലും 20 ശതമാനം കുറഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് (339.2 mm), പാലക്കാട്‌ ജില്ലയിൽ 596.5 mm മാത്രമാണ് പെയ്തത്.

അതേസമയം, ജൂൺ മാസത്തെ അപേക്ഷിച്ചു ജൂലൈയിൽ മെച്ചപ്പെട്ട മഴ ലഭിച്ചു. 653. 5 mm ലഭിക്കേണ്ട ജൂലൈ മാസത്തിൽ ഇതുവരെ ലഭിച്ചത് 592 mm മഴ. ഒമ്പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കാസറഗോഡ് (27ശതമാനം), കണ്ണൂർ (17) , പത്തനംതിട്ട (5), ആലപ്പുഴ (2) , കൊല്ലം (4) ജില്ലകളിൽ സാധാരണ ജൂലൈ മാസത്തിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി, ന്യൂന മർദ്ദ പാത്തി, ആഗോള മഴപ്പാത്തി എന്നിവയുടെ സ്വാധീനത്തിലാണ് ജൂലൈ മൂന്ന് മുതൽ എട്ടുവരെ കേരളത്തിൽ സജീവമായി മഴ പെയ്തത്.

വടക്കൻ കേരളത്തിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്. ജൂണിൽ ശരാശരി 648.3 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് ലഭിച്ചത് 260.3 mm മഴ മാത്രമായിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ മഴക്കുറവാണ് ജൂണിലുണ്ടായത്(- 60%).