ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യ

വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ വിൻഡീസിനെ 200 റണ്ണിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5–351 റണ്ണെടുത്തു. മറുപടിക്കെത്തിയ വിൻഡീസ് 35.3 ഓവറിൽ 151 റണ്ണിന് പുറത്തായി. ഇന്ത്യൻ യുവതാരങ്ങൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു. അർധസെഞ്ചുറികളുമായി ശുഭ്‌മാൻ ഗില്ലും ഇഷാൻ കിഷനും ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യയും സഞ്‌ജു സാംസണും കളംവാണു.

ടോസ്‌ നേടിയ വിൻഡീസ്‌ ഒരിക്കൽക്കൂടി ഇന്ത്യയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. ക്യാപ്‌റ്റൻ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും ഈ കളിയിലും ഇറങ്ങിയില്ല. അക്‌സർ പട്ടേലിനുപകരം ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും ഉമ്രാൻ മാലിക്കിനുപകരം ജയദേവ്‌ ഉനദ്‌ഘട്ടും ടീമിലെത്തി. 10 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഉനദ്‌ഘട്ട്‌ ഏകദിന ക്രിക്കറ്റ്‌ കളിക്കുന്നത്‌.

ഓപ്പണർമാരായ ഗില്ലും (92 പന്തിൽ 85) കിഷനും (64 പന്തിൽ 77) മികച്ച തുടക്കമാണ്‌ നൽകിയത്‌. നാലാമനായെത്തിയ സഞ്‌ജുവും (41 പന്തിൽ 51) മികച്ച കളി പുറത്തെടുത്തു. അവസാന ഓവറുകളിൽ ഹാർദിക്‌ (52 പന്തിൽ 70*) തകർത്തടിച്ചു.കിഷൻ പരമ്പരയിൽ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ചുറിയാണ്‌ തികച്ചത്‌. തുടക്കത്തിൽ ഈ ഇടംകൈയനെ കീസി കാർട്ടി വിട്ടുകളഞ്ഞിരുന്നു. സ്‌കോർ 143ൽവച്ച്‌ കിഷൻ പുറത്തായി. യാന്നിക്‌ കരിയയുടെ പന്തിൽ ഷായ്‌ ഹോപ്‌ സ്‌റ്റമ്പ്‌ ചെയ്‌തു.
മൂന്നാമനായെത്തിയ ഋതുരാജിന്‌ (8) തിളങ്ങാനായില്ല.

തുടർന്നെത്തിയ സഞ്‌ജു അവസാന കളിയിലെ നിരാശ മായ്‌ക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഏഷ്യാ കപ്പും ലോകകപ്പും മുന്നിൽനിൽക്കെ കിട്ടിയ അവസാന അവസരമായിരുന്നു മലയാളി താരത്തിന്‌. രണ്ടാം ഏകദിനത്തിൽ പുറത്താക്കിയ കരിയായെ രണ്ട്‌ സിക്‌സറുകൾ പറത്തിയാണ്‌ സഞ്‌ജു തുടങ്ങിയത്‌. സ്‌പിന്നർമാർക്കെതിരെ ഇടയ്‌ക്ക്‌ പതറിയെങ്കിലും മനോഹരമായ ബൗണ്ടറികൾകൊണ്ട്‌ ഇരുപത്തെട്ടുകാരൻ സ്‌കോർ ബോർഡ്‌ വേഗത്തിൽ ചലിപ്പിച്ചു. കരിയായെ മൂന്ന്‌ സിക്‌സറിനാണ്‌ ശിക്ഷിച്ചത്‌. ആകെ നാല്‌ സിക്‌സറുകളും രണ്ട്‌ ഫോറും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു.

ഹാർദിക്കിന്റെ ഇന്നിങ്‌സിൽ അഞ്ച്‌ സിക്‌സറും നാല്‌ ഫോറും ഉൾപ്പെട്ടു. സൂര്യകുമാർ യാദവ്‌ 30 പന്തിൽ 35 റണ്ണെടുത്ത്‌ പുറത്തായി. മറുപടി ബാറ്റിങ്ങിൽ വിൻഡീസിനായി വാലറ്റത്ത് ഗുദകേഷ് മോട്ടി (34 പന്തിൽ 39*) മാത്രം പൊരുതി. ഇന്ത്യക്കായി ശാർദുൽ ഠാക്കൂർ നാല് വിക്കറ്റെടുത്തു. മുകേഷ് കുമാർ മൂന്നും. പരമ്പരയിലെ ആദ്യ കളി ഇന്ത്യയും രണ്ടാമത്തേത് വിൻഡീസും ജയിച്ചിരുന്നു.