സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ പങ്കുവച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. എ ഐ ക്യാമറ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെയുള്ള കൃത്യം കണക്കാണ് മന്ത്രി പങ്കുവച്ചത്. ഇക്കാലയളവിൽ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 382580 എണ്ണം ചെല്ലാനുകൾ തയ്യാറാക്കുകയും 323604 എണ്ണം തപാലിൽ അയക്കുകയും ചെയ്തെന്ന് മന്ത്രി വിവരിച്ചു.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ, 221251. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 150606. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-186673, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 170043, മൊബൈൽ ഫോൺ ഉപയോഗം 6118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് 5886 തുടങ്ങിയവയാണ് ജൂണ്‍ 5 മുതൽ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തിയ നിയമലംഘനങ്ങൾ.
25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാൻ തയ്യാറാക്കിയെങ്കിലും ഇതുവരെ മൂന്നു കോടി 37 ലക്ഷം രൂപ മാത്രമേ പിഴ ലഭിച്ചിട്ടുള്ളൂവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.