എഐ ക്യാമറ: എംപി-എംഎൽഎമാരുടെ നിയമലംഘനങ്ങളുടെ കണക്ക് പുറത്ത്, വിഐപി വാഹനങ്ങൾക്കും പിടിവീണു

സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായുള്ള എ ഐ ക്യാമറ പരിഷ്കരണം വന്നശേഷമുള്ള കണക്കുകൾ വിവരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. 2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങളാണ് ഗതാഗത മന്ത്രി പങ്കുവച്ചത്. എ ഐ ക്യാമറകൾ വഴി വി ഐ പി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയെന്ന് മന്ത്രി വിവരിച്ചു. എം പി , എം എൽ എ എന്നിവരുടെ നിയമ ലംഘനങ്ങൾ 56 തവണയാണ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് അറുപത്തിരണ്ട് ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ഇക്കാലയളവിൽ കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാൽ 6267853 നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. എ ഐ ക്യാമറ വന്നതിനുശേഷം ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞെന്നും മന്ത്രി വിവരിച്ചു.