അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ വളരെ വിരളമായി പതിനായിരക്കണക്കിന് പേരിൽ ഒരാൾക്കായിരിക്കും ഈ രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേർക്കാണ് ഈ രോഗം ബാധിച്ചത്. 2016ൽ ആലപ്പുഴ ജില്ലയിൽ തിരുമല വാർഡിൽ ഒരു കുട്ടിയ്ക്ക് ഇതേ രോഗം മൂലം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ൽ തൃശൂരിലും ഈരോഗം ബാധിച്ചിരുന്നു. 100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്ക്. കേരളത്തിൽ ഇവ കണ്ടുപിടിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.
പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.