സൂര്യനുചുറ്റും മഴവില്ല് നിറത്തോടെ അത്ഭുതവലയം. അപൂർവമായി സംഭവിക്കുന്ന 22 ഡിഗ്രി സർക്കുലർ ഹാലോ എന്ന പ്രതിഭാസമാണ് കാഴ്ചക്കാർക്ക് അത്ഭുതവലയം സമ്മാനിച്ചത്. വ്യാഴം പകൽ 11.30ന് വയനാട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമായി. അരമണിക്കൂറിലധികം ഈ കാഴ്ച നിലനിന്നു.
സൂര്യന്റെയോ ചന്ദ്രന്റെയോ ഇടയിൽ 22- ഡിഗ്രി വൃത്താകൃതിയിലുള്ള പ്രഭാവലയം രൂപപ്പെടുന്നതാണ് 22 ഡിഗ്രി സർക്കുലർ ഹാലോ. സൂര്യനിൽനിന്നോ ചന്ദ്രനിൽനിന്നോ ഉള്ള കിരണങ്ങൾ സിറസ് മേഘങ്ങളിൽ കാണപ്പെടുന്ന ഷഡ്ഭുജാകൃതിയിലുള്ള ഐസ് പരലുകൾ വഴി പ്രതിഫലിക്കുമ്പോഴാണ് ഈ പ്രതിഭാസമുണ്ടാകുന്നത്.
ഐസ് ക്രിസ്റ്റലിന്റെ ഒരു വശത്ത് പ്രകാശം പ്രവേശിച്ച് മറ്റൊരു വശത്തിലൂടെ പുറത്തുകടക്കുമ്പോൾ 22 ഡിഗ്രി ഹാലോ രൂപപ്പെടുന്നു.
മൂൺ റിങ്, വിന്റർ ഹാലോ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.
2020 മെയ് എട്ടിന് വയനാട്ടിലും പിന്നീട് 2021 ജൂൺ രണ്ടിന് ഹൈദരാബാദിലും 22 ഡിഗ്രി സർക്കുലർ ഹാലോ ദൃശ്യമായിരുന്നു.
അതേസമയം, സംസ്ഥാനത്ത് സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ദൃശ്യമായത് ചിലയിടങ്ങളിൽമാത്രം. മഴമേഘം കാരണം മിക്കസ്ഥലങ്ങളിലും പ്രതിഭാസം ദൃശ്യമായില്ല.
ബ്ലൂ മൂൺ പ്രതിഭാസവും സൂപ്പർ മൂൺ പ്രതിഭാസവും ഒരുമിച്ച് സംഭവിച്ച അപൂർവതയായിരുന്നു ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉണ്ടായത്. വ്യാഴാഴ്ച ഇത് കൂടുതൽ തീവ്രതയോടെ കാണാനാവുമെന്നായിരുന്നു പ്രതീക്ഷ. ഒരു മാസത്തിൽ രണ്ടുതവണ പൂർണ ചന്ദ്രൻ ഉണ്ടാവുന്നതാണ് ബ്ലൂ മൂൺ. ആഗസ്ത് ഒന്നിനായിരുന്നു ഈ മാസത്തെ ആദ്യ പൂർണചന്ദ്രൻ. ഇതിനൊപ്പം സൂപ്പർ മൂൺ (ചന്ദ്രനെ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന) കാണപ്പെടുന്ന അവസരവുമായിരുന്നു. ഭൂമിയിൽനിന്നുള്ള ദൂരം കുറഞ്ഞിരിക്കുന്നതിനാൽ ചന്ദ്രന് കൂടുതൽ വലിപ്പത്തിൽ ദൃശ്യമാകുമായിരുന്നു.