യുപിഐ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി രാജ്യത്തെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈയിലാണ് ആദ്യ എടിഎം സ്ഥാപിച്ചത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് ആണ് എടിഎം അവതരിപ്പിച്ചത്.
രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ 50 ശതമാനവും ഇപ്പോള്‍ യുപിഐ അധിഷ്ഠിതമാണ്. യുപിഐ ഐഡിയുള്ള ആര്‍ക്കും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ ആകും എന്നതാണ് പുതിയ എടിഎമ്മിന്റെ പ്രത്യേകത. എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളില്‍ പോലും ആളുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കുക എന്നതാണ് നൂതന ആശയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വ്യക്തമാക്കി. ഈ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആദ്യം പിന്‍വലിക്കേണ്ട തുക തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ശേഷം സ്‌ക്രീനില്‍ യുപിഐ ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ഫോണിലെ യുപിഐ ആപ്പ് ഉപയോഗിച്ച് ഈ കോഡ് സ്‌കാന്‍ ചെയ്യുക. പിന്നീട് യുപിഐ പിന്‍ നമ്പര്‍ നല്‍കുക. അതിനുശേഷം പണം ലഭിക്കുന്നതാണ്.
രാജ്യത്തെ വിവിധ ബാങ്കുകള്‍ ഇപ്പോള്‍ കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാവുന്ന സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് യുപിഐ എടിഎം വ്യത്യസ്തമാണ്. മറ്റ് കാര്‍ഡ്-ലെസ് ഇടപാടുകളിലൂടെ പണം പിന്‍വലിക്കുമ്പോള്‍ ഇപ്പോള്‍ മൊബൈല്‍ നമ്പറും ഒടിപിയും നല്‍കണം. അതേസമയം യുപിഐ എടിഎം പ്രവര്‍ത്തിക്കുന്നത് ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി മാത്രമാണ്. ഗൂഗില്‍ പേ പോലുള്ള ഏതെങ്കിലും യുപിഐ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പണം പിന്‍വലിക്കാവുന്നതാണ്.