ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ട് ജില്ലകളിലെ നിശ്ചിത ഇടങ്ങളിൽ അവധി

സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപനം തുടരുന്നു. ഏറ്റവും ഒടുവിലായി ഇന്ന് അവധി പ്രഖ്യാപിച്ചത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (11/7/2023) അവധി പ്രഖ്യാപിച്ചു. എന്നാൽ ഇവിടങ്ങളിലെ പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി.

കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നത്തേക്ക് അവധി പ്രഖ്യാപിച്ച് നേരത്തെ തന്നെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം പൂർണ്ണമായും വെളളക്കെട്ട് രൂക്ഷമാണ്. ഈ സാഹചര്യത്തിലും കുട്ടനാട് താലൂക്കിലെ മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവർഷം തുടരും. അടുത്ത നാല് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്. ഇത് പ്രകാരം 14 ാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.