കെഎസ്ആർടിസിയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ -മേയ് മാസങ്ങളിൽ നടത്തിയ ഉല്ലാസയാത്രയിൽ വരുമാനമായി ലഭിച്ചത് 1566013 രൂപ. കോട്ടയം ജില്ലയിൽ കൂടുതൽ വരുമാനം നേടിയത് പാലാ യൂണിറ്റ് ആണ്. ഏപ്രിലിൽ 295700 രൂപയും മേയിൽ 317730 രൂപയും അടക്കം 613430 രൂപയാണ് പാലാ യൂണിറ്റിന് ലഭിച്ചത്.
കോട്ടയം യൂണിറ്റാണ് രണ്ടാം സ്ഥാനത്ത്. ഏപ്രിലിൽ 267672 രൂപ യും മേയിൽ 303560 രൂപയുമടക്കം 571232 രൂപ കോട്ടയം യൂണിറ്റ് നേടി. കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ യൂണിറ്റുകളിൽ നിന്നായി 48 യാത്രകളാണ് ക്രമീകരിച്ചത്. 2010 യാത്രക്കാർ പങ്കെടുത്തു.
മൂന്നാർ, അഞ്ചുരുളി, ഗവി, മാമലക്കണ്ടം, മലക്കപാറ, മൺറോ തുരുത്ത് യാത്രകളാണ് കൂടുതൽ നടത്തിയത്. ഇതു കൂടാതെ കോട്ടയം, ചങ്ങനാശേരി യൂണിറ്റുകളിൽ നിന്നായി കപ്പൽ യാത്രയും ഒരുക്കിയിരുന്നു. യാത്രക്കാരെ ബസുകളിൽ എറണാകുളത്തെത്തിച്ച് അവിടെ ‘നെഫെർറ്റിറ്റി’ എന്ന ഫോർസ്റ്റാർ സൗകര്യമുള്ള കപ്പലിൽ അഞ്ചുമണിക്കൂർ യാത്ര. കല്യാണാവശ്യങ്ങൾക്കും ബസ് വിട്ടുനൽകിയിരുന്നു. നിലവിൽ ഞായറാഴ്ചകളിലാണ് യാത്ര. നിരവധിപേരാണ് കെഎസ്ആർടിസിയിലെ യാത്രക്കായി എത്തുന്നത്. മഴക്കാലം ആരംഭിച്ചതോടെ മൺസൂൺ യാത്ര ഇഷ്ടപ്പെടുന്നവരും കൂടുതലായി എത്തുന്നുണ്ട്.
കെഎസ്ആർടിസി പാക്കേജിലുൾപ്പെടാത്ത ഉല്ലാസയാത്രകൾക്കും ട്രിപ്പ് ക്രമീകരിച്ചു നൽകുമെന്ന് സെൻട്രൽ സോണൽ കോർഡിനേറ്റർ പറഞ്ഞു.