സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും

ഒടിടി റിലീസ് സംബന്ധിച്ച് തീയറ്റര്‍ ഉടമകളുമായുള്ള കരാര്‍ 2018 സിനിമയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സൂചനാ പണിമുടക്കിന് തീയറ്റര്‍ ഉടമകള്‍. ഇതനുസരിച്ച് നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ അടച്ചിടും. ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്തീരുമാനം.

സിനിമ തീയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാവൂ എന്നായിരുന്നു തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള ധാരണ. 2018 സിനിമയുടെ നിര്‍മ്മാതാവ് ഇത് ലംഘിച്ചുവെന്നാണ് തീയറ്റര്‍ ഉടമകളുടെ ആക്ഷേപം. മെയ് 5 ന് തീയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ജൂണ്‍ 7 ന് ആണ്. അതായത് തീയറ്റര്‍ റിലീസിന്‍റെ 34-ാം ദിവസമാണ് ഒടിടി റിലീസ്. ബിഗ് ബജറ്റ് ഇതരഭാഷാ ചിത്രങ്ങള്‍ വിജയിക്കുമ്പോഴും മലയാള സിനിമകള്‍ കാണാന്‍ തീയറ്ററില്‍ ആളെത്തുന്നില്ലെന്ന ചലച്ചിത്രവ്യവസായത്തിന്‍റെ ആശങ്കകള്‍ക്കിടെ തീയറ്ററുകളിലെത്തി റെക്കോര്‍ഡ് വിജയം നേടിയ ചിത്രമാണ് 2018. അതേസമയം, സൂചനാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.

കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ ചിത്രം ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ മൌത്ത് പബ്ലിസിറ്റിയാണ് നേടിയത്. വാരങ്ങള്‍ക്കിപ്പുറവും ഹൗസ്‍ഫുള്‍ ഷോകള്‍ നേടിയതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി മാറി ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയിലധികം ചിത്രം നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുലിമുരുകനെ മറികടന്നാണ് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന സ്ഥാനം ചിത്രം നേടിയെടുത്തത്. മലയാളം പതിപ്പിന്‍റെ വിജയത്തിനു പിന്നാലെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.