മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു.

ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു.

2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്.

1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.