മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്റെ തനിമയ്ക്ക് മാറ്റമില്ല. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു.
ഓണത്തിന്റെ ആവേശം മനസ്സിലെങ്കിലും അതേ ചാരുതയോടെ ഇന്നും നിലനിര്‍ത്താന്‍ നാം ജാഗരൂകരാണ്.
കാര്‍ഷിക സംസ്കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണം കാലക്രമേണ ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ, ഒത്തു ചേരലിന്റെ ഉത്സവമായി പരിണമിക്കുകയായിരുന്നു. തുമ്പയും മുക്കുറ്റിയും തെച്ചിയുമെല്ലാം പതിയെ നമ്മുടെ അയല്പക്കങ്ങളില് നിന്ന് അപ്രത്യക്ഷമായെങ്കിലും, നവലോകത്തിന്റെ രീതികള്‍ക്കൊപ്പം ആഘോഷങ്ങള്‍ മാറിയെങ്കിലും, പഴമയുടെ നന്മ മാത്രം തെല്ലും ചോരാതെ ഓരോ മലയാളിയിലുമുണ്ട്.
മാവേലിത്തമ്പുരാനെ കാത്ത് അത്തം മുതല്‍ തീര്‍ക്കുന്ന പൂക്കളങ്ങളും പുത്തനുടുപ്പിന്റെ ഗന്ധത്തോടൊപ്പം നിഷ്കളങ്കതയുടെ പാല്‍പ്പുഞ്ചിരികളും ഓണത്തില്‍ ചേരുന്നു. പൂക്കളവും പൂവിളികളുമായി തൃക്കാക്കരയപ്പനെ വരവേറ്റു കഴിഞ്ഞാല്‍ പിന്നെ ഓണസദ്യയാണ്. കുടുംബമൊന്നിച്ച് തൂശനിലയിട്ട് വിഭവ സമൃദ്ധമായ സദ്യ കഴിക്കും. പിന്നാലെ കൈകൊട്ടിക്കളിയും ഓണപ്പാട്ടുകളും, ഓണത്തല്ലും, വടംവലിയും, ഉറിയടിയുമെല്ലാം ചേര്‍ന്നുള്ള ഉത്സവാന്തരീക്ഷം ശബ്ദമുഖരിതമാകും. പ്രായഭേദമന്യേ ഏവരുടെയും ആഘോഷമായ ഓണം പുലിക്കളിയും, കുമ്മാട്ടിയുമായി പൊലിമയേറ്റും.