‘മറൈന്‍ ഡ്രൈവിലേക്ക് രാത്രി 10 കഴിഞ്ഞാല്‍ പ്രവേശനമില്ല’, പുതിയ തീരുമാനങ്ങളുമായി കൊച്ചി മേയർ

മറൈന്‍ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ തീരുമാനങ്ങളുമായി കൊച്ചി കോര്‍പ്പറേഷന്‍. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ മറൈന്‍ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. മറൈന്‍ ഡ്രൈവ് നടപ്പാതയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും. ജിസിഡിഎ അംഗീകൃത ബങ്ക് ഷോപ്പുകള്‍ അല്ലാതെ മറ്റൊരു കച്ചവടവും പ്രദേശത്ത് അനുവദിക്കില്ലെന്നും മേയര്‍ അറിയിച്ചു. മേയറുടെയും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ ഏജന്‍സികളുടെ യോഗത്തിലാണ് തീരുമാനങ്ങള്‍.

പുതിയ തീരുമാനങ്ങള്‍:

മറൈന്‍ ഡ്രൈവ് നടപ്പാതയില്‍ ജിസിഡിഎ അംഗീകൃത ബങ്ക് ഷോപ്പുകള്‍ അല്ലാതെ മറ്റൊരു കച്ചവടവും അനുവദിക്കുന്നതല്ല. അനധികൃത കച്ചവടക്കാരെ എല്ലാം ഒഴിപ്പിക്കും. മറൈന്‍ ഡ്രൈവ് ഷോപ്പിംഗ് മാളില്‍ ഉണ്ടാകുന്ന ജൈവ മാലിന്യം സംസ്‌കരിക്കുവാന്‍ ഒരു കമ്പോസ്റ്റിംഗ് യൂണിറ്റ് അനുയോജ്യമായ സ്ഥലത്ത് ആരംഭിക്കും. നിലവിലുള്ള സെക്യൂരിറ്റി സംവിധാനം മിലിട്ടറി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുടെ സംവിധാനത്തെ ഏല്‍പ്പിച്ച് എണ്ണം വര്‍ദ്ധിപ്പിക്കും. പോലീസിന്റെയും പോര്‍ട്ടിന്റെയും സഹായത്തോടെ അംഗീകൃത ബോട്ട് ഉടമകളുടെ യോഗം വിളിക്കുകയും ബോട്ടില്‍ നിന്ന് വരുന്ന മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും. അനധികൃത ബോട്ട് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കും. വാക്ക് വേയില്‍ വരുന്ന വേസ്റ്റ് CSML കരാറുകാര്‍ തരം തിരിച്ച് കണ്ടൈനറില്‍ സൂക്ഷിക്കുന്നത് കോര്‍പറേഷന്‍ നീക്കം ചെയ്യും. ഈ മാലിന്യ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ ഒരു നിശ്ചിത ദിവസം കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി കെ അഷ്റഫിന്റെ നേതൃത്വത്തില്‍ ഒരു ടൈം ടേബിള്‍ ഉണ്ടാക്കി യോഗം ചേര്‍ന്ന് വിലയിരുത്തും.

കച്ചവടക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വയം നിയന്ത്രണങ്ങള്‍ വരുത്തുകയും ഈ സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഈ പ്രവര്‍ത്തനങ്ങള്‍ ആകെ നന്നായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ GCDA ഉദ്യോസ്ഥന്‍, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ അടങ്ങുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനം സ്ഥിരമായി പ്രവര്‍ത്തിക്കും. പുതിയതായി കാമറകളും വേണ്ടത്ര വെളിച്ച സംവിധാനങ്ങളും ഏര്‍പ്പെടുത്തും. കാമറകളുടെ പ്രവര്‍ത്തനവും വിഷ്വലുകളും ഈ ഉദ്യോഗസ്ഥ സംവിധാനം നിരന്തരമായി നിരീക്ഷിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളും. പുതിയതായി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന IEC, സാനി കിയോസ്‌ക്, ശുചിമുറികള്‍, ബോട്ടില്‍ ബൂത്ത്, ശുചിത്വ ബോധവത്കരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയ ഉള്‍പ്പെടുന്ന ശുചിത്വ സംവിധാനങ്ങളുടെ പുരോഗതി ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ GCDA യുമായി ചേര്‍ന്ന് വിലയിരുത്തി മുന്നോട്ട് പോകും. Law & Order ഉറപ്പുവരുത്തുന്നതിനായി രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ മറൈന്‍ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കും. ഈ തീരുമാനങ്ങള്‍ 25 മുതല്‍ ഒരു മാസത്തേയ്ക്ക് കര്‍ശനമായി നടപ്പിലാക്കുകയും അവലോകനം ഒക്ടോബര്‍ 25 ന് നടത്തുകയും ചെയ്യുമെന്ന് മേയര്‍ അറിയിച്ചു.